kodiyeri-2-rwതിരുവനന്തപുരം:മുത്തൂറ്റ് പോള്‍ വധക്കേസുമായി തന്റെ മകന് ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. പുത്രന്മാരുള്ള മന്ത്രിമാരെയെല്ലാം പ്രതികൂട്ടില്‍ നിര്‍ത്തി കെട്ടുക്കഥകള്‍ ഉണ്ടാക്കുകയാണ്. ഏത് കേസ് വന്നാലും ചില മന്ത്രിപുത്രന്‍മാര്‍ എന്നപേരില്‍ വാര്‍ത്തകള്‍ വരും. തന്റെ മകനെയാണ് ഉദ്യേശിക്കുന്നതെങ്കില്‍ ഈ ആരോപണങ്ങള്‍ ശരിയല്ലെന്നും മകന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഇല്ലെന്നും കോടിയേരി പറഞ്ഞു. തന്റ മകന് ഈ കേസുമായി ബന്ധമില്ല.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പോള്‍ വധം അന്വേഷിക്കാന്‍ ഐ ജി വിന്‍സെന്‍ എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികളില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഗുണ്ടകളുടേയും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും സംബന്ധിച്ച് അന്വേഷിക്കാന്‍ എ ഡി ജി പി സിബിമാത്യൂസിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. വധശ്രമത്തിന് ഏതെങ്കിലും ഉന്നതബന്ധം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം തിരുവനന്തപുരം റേഞ്ച് ഐ.ജി അന്വേഷിക്കും. കൊല്ലപ്പെട്ട പോള്‍ എം. ജോര്‍ജിന്റെ അധോലോകബന്ധവും അന്വേഷിക്കും.ഇന്ന് രാവിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചു.

പ്രതികളുടെ രാഷ്ട്രീയ ബന്ധം പരിഗണിക്കില്ല. പ്രതികളെ കോടതിക്ക് മുന്നില്‍ എത്തിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. മാധ്യമങ്ങളും മറ്റും നല്‍കുന്ന റിപ്പോര്‍ട്ടുകളും വസ്തുതയും മറ്റൊന്നാണ്. പോലീസ് സുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. സംഭവസ്ഥലത്തു നിന്നും ലഭിച്ച ഒരു മൊബൈലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. അവിടെ നിന്നും ലഭിച്ച മൊബൈല്‍ ചതഞ്ഞരഞ്ഞ നിലയിലാണ് ലഭിച്ചതെങ്കിലും സൈബര്‍സെല്ലിന് ആ മൊബൈല്‍ ഫോണിന്റെ നമ്പര്‍ കണ്ടെത്താനായി. വിലാസിനി എന്ന പേരിലെടുത്ത മൊബൈലായിരുന്നു അത്. ചങ്ങനാശേരിയിലെ വിലാസിനിയുടെ വിവരം അന്വേഷിച്ചതില്‍ നിന്നാണ് ഇപ്പോള്‍ കസ്റ്റഡിയിലായ 14 പേരിലേക്ക് അന്വേഷണം എത്തിയതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ചവറയിലെ വാഹനം വിട്ടുകൊടുക്കാന്‍ ഉന്നതര്‍ ഇടപെട്ടു എന്നായിരുന്നു ആദ്യ ആരോപണം. ഇത് കെട്ടിച്ചമച്ച ആരോപണമാണ്. ആ വാഹനം ഇപ്പോഴും ചവറ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. വാഹനം വിട്ടുകൊടുക്കാന്‍ മന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്നായിരുന്നു ആരോപണം. എന്നാല്‍ വാഹനം എടുത്തുകൊണ്ടു പോകാന്‍ വന്ന മൂന്നു പേരുടെയും വിവരം ശേഖരിക്കുകയാണ് പോലീസ് ചെയ്തത്. വാഹനം എടുക്കാന്‍ മൂന്നു പേര്‍ എത്തിയതിനെക്കുറിച്ചും ഇതു സംബന്ധിച്ച് ഉയര്‍ന്ന മറ്റ് ആരോപണങ്ങളെക്കുറിച്ചും തിരുവനന്തപുരം റേഞ്ച് ഐജി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

കൊള്ളപ്പലിശ, ക്വട്ടേഷന്‍ സംഘങ്ങള്‍, അവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നവര്‍ എന്നിവ സംബന്ധിച്ച അന്വേഷണം ഈ പരിധിയില്‍ വരും. കേസില്‍ സര്‍ക്കാരിന് ആരെയും സംരക്ഷിക്കാനില്ല. എന്നാല്‍ ചില മാധ്യമങ്ങള്‍ കഥകള്‍ പ്രചരിപ്പിക്കുകയാണ്. അന്വേഷണം വഴിതിരിച്ചുവിടാനാണ് അവരുടെ ശ്രമം. പ്രതികളെ പിടികൂടുകയല്ല അത്തരക്കാരുടെ ലക്ഷ്യമെന്നും മന്ത്രിമാരുടേയും മക്കളുടേയും പേരില്‍ വിവാദമാക്കുകയാണെന്നും കോടിയേരി പറഞ്ഞു. പോള്‍ കൊല്ലപ്പെട്ട ദിവസം തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാല്‍ കൂടുതല്‍ ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള തുടരന്വേഷണം വേണമെന്ന് തോന്നിയതിനാലാണ് ആലപ്പുഴ ഡി വൈ എസ് പിയില്‍ നിന്നും കേസ് വിന്‍സന്‍ എം പോളിന് കൈമാറിയത്. ചവറയില്‍ വെച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനം വിട്ടുകൊടുത്തുവെന്ന ആരോപണം ശരിയല്ലെന്നും വാഹനം ഇപ്പോഴും കസ്റ്റഡിയിലാണെന്നും മന്ത്രി വ്യക്തമാക്കി.

ഓംപ്രകാശിനെതിരെയും രാജേഷിനെതിരെയും സര്‍ക്കാര്‍ പലതവണ നടപടികളെടുത്തിട്ടുണ്ട്. എന്നാല്‍ ഓംപ്രകാശിന് പാസ്‌പോര്‍ട്ട് ലഭിച്ചത് യു ഡി എഫ് ഭരണകാലത്താണ്. അത് അന്വേഷിക്കും. സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഗുണ്ടകളായ ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങും. ഗുണ്ടാനിയമം സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കിയെന്നും ഗുണ്ടകളോട് സര്‍ക്കാറിന് മൃദുസമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു.