കവിത/ സതീഷ് കെ തിരുമേനി

രിഞ്ഞു പെയ്യുന്ന മഴയില്‍
ഒരു കുടക്കീഴില്‍
ചാറ്റലടിക്കുന്ന വരാന്തയില്‍
ഇരു തൂണുകള്‍ക്കുമിടയില്‍
ഇരു തൂണുകള്‍ക്കുമിടയില്‍
ചുറ്റും ആര്‍ത്തു പെയ്യുന്ന
മഴത്തുള്ളികള്‍ക്കിടയില്‍
നിനക്ക് സ്വപ്‌നങ്ങളെ
തളച്ചിടാം-അല്ലെങ്കില്‍
അതിനിടിയിലൂടെ പ്രണയത്തിന്റെ
ഭ്രാന്തിനെ കണ്ടെത്താം.
നിലത്ത് വീണ് ചിതറിത്തെറിക്കുന്ന
ഓരോ തുള്ളിയിലും
നഷ്ടപ്പെടലുകളെ
കൊരുത്തുവെക്കാം.
അവ പൊട്ടിച്ചിതറിപ്പരക്കുമ്പോള്‍
ആകാശത്തെ അതില്‍
തെളിയിക്കാന്‍ ശ്രമിക്കാം.
അറിയാതെ പെയ്ത പ്രണയത്തെ
ആകാശത്തില്‍ ഒളിപ്പിച്ച് നിര്‍ത്താം.
അതിന്റെ സംഘര്‍ഷത്തില്‍ തെളിയുന്ന
മിന്നല്‍ പിണരിനെ എന്ത് പേരിട്ട് വിളിക്കും…?
രാത്രി മഴയുടെ അവസാന യാമത്തില്‍
ഒന്നിച്ച് പാടുന്ന രാപ്പാടിയാകാം.
കാരണം പകല്‍ വെളിച്ചത്തില്‍
നമ്മള്‍ വെറും രണ്ട് പറവകള്‍ മാത്രം…
പകലിന്റെ ശബ്ദം നമ്മളെ
നിശബ്ദരാക്കുന്നു…..

Subscribe Us: