Categories

എച്ച്.ഐ.വി സെന്റര്‍ മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് പ്രമേയം

kamni-rwആന്ധ്രപ്രദേശ്: എച്ച്.ഐ.വി ബാധിതരെ താമസിപ്പിക്കുന്ന കമ്യൂണിറ്റി സെന്റര്‍ ഗ്രാമത്തില്‍ നിന്ന് മാറ്റണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രമേയം. പ്രമുഖ കോര്‍പറേറ്റ് ആശുപത്രിയായ കാംനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ് കഴിഞ്ഞ ജൂണില്‍ ആന്ധ്രപ്രദേശിലെ നാല്‍ഗൊണ്ട ജില്ലയിലെ ഗ്രാമത്തില്‍ സെന്റര്‍ തുടങ്ങിയത്. നാഷണല്‍ എയ്ഡ്‌സ് കണ്‍ഡ്രോള്‍ ഓര്‍ഗനൈസേഷന്റെ സഹായത്തോടെ 10 ബെഡുകളുള്ള സെന്ററാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

രോഗം തങ്ങള്‍ക്ക് പകരുമെന്നുള്ള ഭയത്താല്‍ പ്രദേശവാസികളും സെന്ററിനെതിരെ തിരിഞ്ഞിരിക്കയാണ്. പഞ്ചായത്ത് പ്രമേയം പാസാക്കിയെങ്കിലും അതിന് നിയമപ്രാബല്യമില്ലെന്നും എന്നാല്‍ പ്രദേശവാസികളുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പാണ് നേരിടുന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ഗ്രാമത്തിന് ഒരു കിലോമീറ്റര്‍ ദൂരെയോ നഗരത്തിലെ കാംമ്‌നി ആശുപത്രികളോട് ചേര്‍ന്നോ അവര്‍ക്ക് സെന്റര്‍ തുടങ്ങാമായിരുന്നുവെന്നും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലത്ത് ഇത് തുടങ്ങിയത് അംഗീകരിക്കാനാവില്ലെന്നും ഗ്രാമവാസികള്‍ പറഞ്ഞു. തങ്ങള്‍ എച്ച്.ഐ.വി ബാധിതര്‍ക്ക് എതിരല്ല. കുട്ടികളുള്‍പ്പെടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് രോഗം പടരുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു -ഗ്രാമവാസികള്‍ വ്യക്തമാക്കി.

ആശുപത്രി മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കപ്പെടുന്നില്ലെന്നും കൊതുകുകള്‍ രോഗം പരത്തുമെന്നുമുള്ള ഭീതിയിലാണ് ചിലര്‍. എന്നാല്‍ എച്ച്.ഐ.വി രോഗത്തെക്കാളുപരി എയ്ഡ്‌സ് ബാധിതര്‍ക്കുള്ള മറ്റ് രോഗങ്ങള്‍ തങ്ങള്‍ക്ക് പടരുമെന്നാണ് ഭീതിയെന്ന് ചിലര്‍ പറഞ്ഞു.

എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് കൊണ്ടാണ് ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതും മറ്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നും സെന്റര്‍ തങ്ങളുടെ ക്ഷേമത്തിനാണെന്ന് ഗ്രാമവാസികള്‍ തിരിച്ചറിയാത്ത പക്ഷം അത് അടച്ചുപൂട്ടേണ്ടി വരുമെന്നും കാംനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയരക്ടര്‍ ഡോ. കേണല്‍ സി.ജി വില്‍സണ്‍ പറഞ്ഞു.

Comments are closed.