എഡിറ്റര്‍
എഡിറ്റര്‍
ഉത്തരാഖണ്ഡിലെ പ്രകൃതി ദുരന്തത്തിന് കാരണം വന്‍തോതിലുള്ള അണക്കെട്ട് നിര്‍മാണം
എഡിറ്റര്‍
Friday 21st June 2013 12:45pm

flood

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലേയും ഹിമാചല്‍ പ്രദേശിലേയും പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം വന്‍തോതിലുള്ള അണക്കെട്ട് നിര്‍മാണവും റോഡ് നിര്‍മാണവുമാണെന്ന് പ്രകൃതി ശാസ്ത്രജ്ഞര്‍.

ഉത്തരാഖണ്ഡിലെ പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ്. മനുഷ്യന്റെ ബാഹ്യ ഇടപെടലുകളാണ് പ്രകൃതി ദുരന്തത്തിന് കാരണം. പരിസ്ഥിതി ലോല മേഖലകളില്‍ അനിയന്ത്രിതമായി കെട്ടിടങ്ങളും റോഡുകളും അണക്കെട്ടുകളും നിര്‍മിക്കുന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

Ads By Google

പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെയാണ് മിക്ക അണക്കെട്ടുകളും റോഡുകളും നിര്‍മിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ സുനിത നരൈന്‍ പറയുന്നു. പരിസ്ഥിതിയെ രക്ഷിക്കാന്‍ ശക്തമായ ഹിമാലയന്‍ നയം രൂപീകരിക്കേണ്ടതുണ്ടെന്നും സുനിതാ നരൈന്‍ പറയുന്നു.

പരിസ്ഥിതി ലോല മേഖലകളില്‍ ഇനിയും ഇരുനൂറിലേറെ അണക്കെട്ടുകള്‍ കൂടി നിര്‍മിക്കാനാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പദ്ധതി. ക്രമാതീതമായ റോഡ് നിര്‍മാണവും നടന്നുവരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 1000 ശതമാനമാണ് വാഹനങ്ങളുടെ വര്‍ധനവ്. ഇതെല്ലാം പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചു.

പര്‍വതനിരകളെ ഉന്മൂലനം ചെയ്യാന്‍ രാഷ്ട്രീയക്കാരും മാഫിയകളും ഒരു പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹിമാലയന്‍ പര്‍വത നിരകളുടെ വാഹക ശക്തി തിട്ടപ്പെടുത്താന്‍ പഠനം നടത്തണം.

പര്‍വത മേഖലകളിലെ മണ്ണ് ചോര്‍ന്നുതുടങ്ങിയിരിക്കുകയാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതോടൊപ്പം ദുരന്തങ്ങള്‍ വര്‍ധിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement