ജറൂസലം: 42 പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേലിലെ കാട്ടുതീയുമായി ബന്ധപ്പെട്ട് 14കാരനെ പോലീസ് അറസ്റ്റു ചെയ്തു. കാട്ടുതീയ്ക്കു കാരണം താനാണെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

പുകവലിക്കുന്നതിനിടെ അബദ്ധത്തില്‍ വലിച്ചെറിഞ്ഞ തീയാണ് 42 പേരുടെ ജീവന്‍ അപഹരിച്ച കാട്ടുതീയായി മാറിയതെന്ന് കുട്ടി പറഞ്ഞതായി പോലീസ് വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറഞ്ഞു. തീപടരുന്നതു കണ്ട് പരിഭ്രാന്തനായ കുട്ടി സ്ഥലത്തു നിന്നു ഓടി രക്ഷപെടുകയായിരുന്നു.
തീപിടുത്തത്തെ തുടര്‍ന്ന് കാര്‍മല്‍ പര്‍വത നിരയില്‍ ലിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന പ്രദേശത്തെ 12000 ഏക്കര്‍ പൈന്‍മരക്കാടുകള്‍ കത്തി നശിച്ചിരുന്നു

അതേസമയം, കേസില്‍ ബന്ധമുണ്ടെന്ന് സംശയിച്ച് രണ്ടുകൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതുതായി കസ്റ്റഡിയിലെടുത്ത കുട്ടിക്ക് ഇവരുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തീയിട്ടവരെന്നു സംശയിച്ച് അറസ്റ്റു ചെയ്ത രണ്ടു പേരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. നൂറു കണക്കിനു അഗ്നിശമനസേനാംഗങ്ങള്‍ക്കു പുറമെ ബോയിംഗ് സൂപ്പര്‍ടാങ്കര്‍ ഉള്‍പ്പെടെ മുപ്പതോളം വിമാനങ്ങളാണ് തീയണയ്ക്കുന്നതിനായി ഉപയോഗിച്ചത്.