nigeria-rwകണ്ണൂര്‍: ഇന്റര്‍നെറ്റിലൂടെ പണം തട്ടിപ്പ് നടത്തിയ കേസില്‍ ഒരു നൈജീരിയക്കാര്‍ കൂടി പിടിയിലായി. ഇസി ഇഫാനി ഇമാനുവേല്‍ ആണ് പിടിയിലായത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്റര്‍നെറ്റ് വഴി മൂന്നു കോടിയിലധികം രൂപ ഇസി ഇഫാനി ഇമാനുവേല്‍ തട്ടിയെടുത്തിണ്ട്.രണ്ടാഴ്ച മുമ്പ് ഇയാളുടെ കൂട്ടാളി ഷെബാ അബ്ദുല്‍ റസാഖ് എന്ന നൈജീരിയക്കാരനെ പിടികൂടിയിരുന്നു. തന്ത്രപൂര്‍വം ഇയാളെ ബാംഗ്ലൂരില്‍ വരുത്തിയതിനുശേഷം കണ്ണൂരിലെത്തിച്ചായിരുന്നു ഷെബായെ അറസ്റ്റുചെയ്തത്.കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ സൈബര്‍ കേസാണിത്.

ഷെബായുടെ സഹായത്തോടെ ഒരു പോലീസുകാരനെ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇസി ഇഫാനി പിടിയിലായത്.മുംബൈയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളില്‍നിന്നും നിരവധി രേഖകളുള്ള ലാപ്‌ടോപ്പും,മൊബൈല്‍ ഫോണുകള്‍, വ്യാജ രേഖകള്‍, വ്യാജ പാസ്‌പോര്‍ട്ടും വിസയും കണ്ടെടുത്തിട്ടുണ്ട്.റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖകള്‍, യുകെയിലെ റസിഡന്റ് പെര്‍മിറ്റ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ടെററിസ്റ്റ് ഫോറം അംഗത്വം തുടങ്ങിയ രേഖകള്‍ ഇയാളുടെ ലാപ്‌ടോപ്പില്‍ ഉണ്ടെന്ന് ഐജി ടോമിന്‍ ജെ. തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും മൂന്നുകോടി രൂപയോളം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക് ഓഫ് ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന് അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതേപോലെ മൈക്രോസോഫ്ട്, യാഹൂ ലോട്ടറികളുടെ സമ്മാനം ലഭിച്ചെന്നും കാണിച്ച് ഇവര്‍ തട്ടിപ്പ് നടത്തിയതായി ഐ.ജി. ടോമിന്‍ തച്ചങ്കരി അറിയിച്ചു.

പല മലയാളികളും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മലപ്പുറം സ്വദേശികളായ ഒട്ടേറെ പേരുടെ പേരുകളും ഇമെയില്‍ വിലാസവും ലാപ്‌ടോപ്പില്‍ നിന്നു കണ്ടെടുത്തു. കേരളത്തിലെ ജില്ലകള്‍ തിരിച്ച് ഇവര്‍ ഡയറക്ടറി ഉണ്ടാക്കിയിട്ടുണ്ട്. നൈജീരിയ പോലീസും ഇവര്‍ക്കു സഹായം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ അന്വേഷണത്തില്‍ നൈജീരിയ പോലീസിന്റെ സഹായം ലഭ്യമല്ല. ഇവര്‍ അറസ്റ്റിലായതോടെ പല മലയാളികളും തട്ടിപ്പില്‍ നിന്നു രക്ഷപ്പെട്ടതായും ഐജി അറിയിച്ചു.

വളപട്ടണം മാങ്കടവ് സ്വദേശി ഷെരീഫിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്വേഷണം പുരോഗമിച്ചത്. ഒരു ധനികന്റെ സ്വത്തിന്റെ അനന്തരാവകാശിയായി തിരഞ്ഞെടുത്തതായി കാണിച്ച് ഷെരീഫിന് ഇമെയില്‍ സന്ദേശം നല്‍കിയാണു തട്ടിപ്പിന്റെ തുടക്കം. മണിപ്പൂര്‍ സ്വദേശിനിയായ കവിതാ ചൗധരിയുടെ സഹായത്തോടെ ഷബയും മറ്റു രണ്ടു പേരുമാണ് ഇടപാട് നടത്തിയത്. ഖത്തറില്‍ 20 വര്‍ഷമായി ജോലി ചെയ്യുന്ന ഷെരീഫിന്റെ ഇമെയില്‍ വിലാസത്തിലേക്ക് ബാങ്ക് ഓഫ് ആഫ്രിക്കയുടെ വിലാസം എന്നു തോന്നിക്കുന്ന വിധത്തിലായിരുന്നു സന്ദേശങ്ങള്‍ അയച്ചത്. അവകാശമായ 75 കോടി രൂപ ലഭിക്കാനുള്ള നടപടികള്‍ക്കായി വിവിധ രേഖകള്‍ സഹിതം ആഫ്രിക്കയില്‍ എത്തണമെന്നായിരുന്നു ആവശ്യം. കഴിയില്ലെന്നു ഷെരീഫ് മറുപടി നല്‍കിയതിനെ തുടര്‍ന്ന് ഇടപാടുകള്‍ നടത്താന്‍ ഫിനാന്‍ഷ്യല്‍ അറ്റോര്‍ണിയെ നിയമിച്ചതായി അറിയിച്ചു. കണ്‍സല്‍ട്ടേഷന്‍ ഫീസ് അടക്കം വിവിധ ഇനത്തിലായി 80,000 യുഎസ് ഡോളറാണ് (40 ലക്ഷം രൂപ) സംഘം കൈപ്പറ്റിയത്. ഇടപാടുകാരില്‍ രണ്ടു പേര്‍ പിന്നീട് ഷെരീഫിന്റെ മാങ്കടവിലെ വീട്ടിലെത്തിയും പണം കൈപ്പറ്റി. കണ്ണൂരിലെ വിവിധ ബാങ്കുകള്‍ മുഖേനയാണ് ഷെരീഫ് പണം അയച്ചത്. ഇത്തരം കേസില്‍ അയച്ചുകൊടുത്ത പണം സാധാരണ തിരികെ ലഭിക്കുക പ്രയാസമാണെങ്കിലും ഈ കേസില്‍ പല ഇടപാടുകളും പോലീസ് മരവിപ്പിച്ചിരുന്നു. പരാതിക്കാരന്റെ സഹായത്തോടെയായിരുന്നു നീക്കങ്ങള്‍.