slamic-bankingകൊച്ചി: ഇന്ത്യയിലെ പ്രഥമ ഇസ്ലാമിക് ബാങ്ക് അടുത്ത വര്‍ഷം കൊച്ചിയില്‍ തുറക്കും. ശരിഅത്ത് നിയമം അനുവദിക്കുന്ന ധനകാര്യ സേവനങ്ങള്‍ ബാങ്കില്‍ നിന്ന് ലഭ്യമാകും. 500 കോടി രൂപയുടെ അംഗീകൃത മൂലധനവുമായി ആരംഭിക്കുന്ന കമ്പനിയില്‍ 11 ശതമാനം ഓഹരി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനായിരിക്കും. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലായിരിക്കും ബാങ്ക കാര്യമായ നിക്ഷേപം നടത്തുക.

പലിശാധിഷ്ഠിത ബിസിനസ്സില്‍ ബാങ്ക് പണം മുടക്കില്ല. ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് ചെറുകിട സംരംഭം തുടങ്ങാന്‍ പലിശരഹിത വായ്പ നല്‍കാന്‍ പ്രത്യേക സാമൂഹ്യനിധിക്കു രൂപം നല്‍കും. ബാങ്ക് ഓഹരിയുടമകള്‍ക്ക് ലാഭവീതം നല്‍കുകയും ചെയ്യും.

Subscribe Us:

പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ നേതൃത്വത്തില്‍ സപ്തംബര്‍ 12ന് കോഴിക്കോട്ട് ഉദ്യോഗസ്ഥരുടെയും പ്രമോട്ടര്‍മാരുടെയും ഉന്നത തലയോഗം ചേരും. ശരിഅത്ത് അധിഷ്ഠിത പലിശരഹിത ഇടപാടുകളായിരിക്കും ബാങ്ക് നടത്തുക. തുടക്കത്തില്‍ ബാങ്കിതര ധനകാര്യസ്ഥാപനമെന്ന നിലക്കായിരിക്കും ആരംഭിക്കുക. കെ.എസ്.ഐ.ഡി.സിയാണ് കമ്പനി രൂപവത്കരണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒമാനിലെ ഗള്‍ഫാര്‍ ഗ്രൂപ്പ് സാരഥി പി.മുഹമ്മദാലി, ഖത്തറിലെ ബെഹ്‌സാദ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.കെ. മേനോന്‍, ഗള്‍ഫിലെ എംകേ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി, ഡോ. മ്യൂപ്പന്‍സ് ഗ്രൂപ്പ് തലവന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരായിരിക്കും ബാങ്കിന്റെ മുഖ്യ പ്രമോട്ടര്‍മാര്‍.

20ലക്ഷം വിദേശ ഇന്ത്യക്കാരില്‍ നിന്ന് പ്രതിവര്‍ഷം 37,000 കോടി രൂപയുടെ വിദേശപ്പണമാണ് കേരളത്തിലേക്കൊഴുകുന്നത്. ഇത് പലപ്പോഴും സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാകാറില്ല. വിദേശ ഇന്ത്യക്കാരില്‍ ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളില്‍ പലരും ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ സ്വീകരിക്കുന്നില്ല. ഈ വകയില്‍ ഏതാണ്ട് 5,000 കോടി രൂപ ബാങ്കുകളില്‍ വെറുതെ കിടക്കുകയാണ്.

പശ്ചിമേഷ്യയിലും മലേഷ്യ, ഇന്‍ഡൊനീഷ്യ, ബ്രിട്ടന്‍ എന്നിവിടങ്ങളിലും ഇസ്ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ അന്താരാഷ്ട്ര ബാങ്കുകളായ എച്ച്.എസ്.ബി.സിക്കും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടഡിനും ഇസ്ലാമിക് ബാങ്കിങ് വിഭാഗമുണ്ട്. കേരളത്തിലും ഏതാനും ഇസ്ലാമിക ബാങ്കുകള്‍ ധര്‍മ്മസ്ഥാപന നിയമപ്രകാരം പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രഥമ ശരിഅത്ത് അധിഷ്ഠിത വെഞ്ച്വര്‍ കാപിറ്റല്‍ഫണ്ട് സെക്യൂറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് ഫണ്ട് എന്ന പേരില്‍ സെബി അംഗീകാരത്തോടെ മെയ് മാസം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

,