john-rwപറഞ്ഞതിലേറെ പറയാതെ ബാക്കിവെച്ച്‌ വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാം കടന്നു പോയിട്ട്‌ 22 വര്‍ഷം. വ്യസ്ഥകളോട്‌ കലഹിച്ച അരാജകവാദിയായാണ്‌ അദ്ദേഹത്തെ വിലയിരുത്തപ്പെട്ടത്‌. ജീവിതവും സിനിമയും ഇതിനെ അടയാളപ്പെടുത്തി. ഈ അരാജകത്വമായിരുന്നു അദ്ദേഹത്തിന്റെ മൗലികതയും. ചിലപ്പോള്‍ അവധൂതനായും മറ്റു ചിലപ്പോള്‍ പ്രതിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ആള്‍രൂപമായും രൂപാന്തരപ്പെട്ട ജോണ്‍ ജീവിതത്തോടൊപ്പം അപൂര്‍ണ്ണമായി ബാക്കി വച്ചുപോയത്‌ നൂറുകണക്കിനു ഭാഗികമായ കഥകളും തിരക്കഥകളുമാണ്‌.
അരാജകത്വത്തിന്റെ അപ്പോസ്‌തലനായ ജോണിന്റെ പാപങ്ങളൊന്നും പരിഗണിക്കാതെ ദൈവം അദ്ദേഹത്തിന്‌ സമ്പുഷ്ടമായ ആശയങ്ങളെ നല്‍കി. ചലിത്ര ആവിഷ്‌കാരം അദ്ദേഹത്തിന്‌ ശ്രമകരമായ ഒരു ഉള്‍വിളിയായിരുന്നു. ജോണിന്‍െറ ആദ്യചിത്രം 1969ല്‍ പുറത്തിറങ്ങിയ വിദ്യാര്‍ഥികളേ ഇതിലെ ഇതിലേ ഇതിലേയാണ്‌. ചലചിത്ര ലോകത്തിലെ മൂലധനാധിഷ്ടിധ ബന്ധത്തോട്‌ അദ്ദേഹം ഒരിക്കലും ഇടപഴകിയില്ല. അദ്ദേഹത്തിന്റെ ഒഡേസയെന്ന ചലചിത്ര കൂട്ടായ്‌മ മറ്റൊരു വിപ്ലവമായിരുന്നു, ചലചിത്ര നിര്‍മാതാവിനെ അദ്ദേഹം കൊന്നു. സാധാരണക്കാരില്‍ നിന്ന്‌ ചെറിയ തുക സംഭാവന പിരിച്ചെടുത്ത്‌ അവരെ സിനിമ കാണിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അങ്ങനെ അമ്മ അറിയാന്‍ എന്ന സിനിമ പിറവിയെടുത്തു.

എല്ലാ അര്‍ത്ഥത്തിലും അസാധാരണനായിരുന്നു ജോണ്‍ ഏബ്രഹാം. മൂവി ക്യാമറ കൊണ്ടും ജീവിതംകൊണ്ടുള്ള കലാപമാണു ജോണ്‍ ചെയ്‌തത്‌. എന്നാല്‍ നിര്‍ഭയമായ ആ ജീവിതം കലാപരമായ ധൂര്‍ത്തായി വ്യാഖ്യാനിക്കപ്പെട്ടു. വ്യവസ്ഥാപിതമായ എല്ലാ താല്‍പര്യങ്ങള്‍ക്കും ജോണ്‍ എതിരുനിന്നു.

ഒരുപാട്‌ കുടിക്കുകയും കുറച്ച്‌ തിന്നുകയും ചെയ്യുന്നയാളായിരുന്നു ജോണ്‍. അഗ്രഹാരത്തിലെ കഴുതയിലെ ഷൂട്ടിംങ്‌ വേളയില്‍ ചെന്നൈയില്‍ പ്രഭാതങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍(വയറൊഴിക്കല്‍) അയല്‍ക്കാരന്റെ നിക്ഷേപം കണ്ട്‌ അസൂയപ്പെടുന്ന ഒരു ജോണ്‍ ഉണ്ട്‌. ‘ഈ തീട്ടക്കൂമ്പാരം കണ്ട്‌ എന്റെ വായില്‍ വെള്ളമൂറുന്നു’വെന്ന്‌ പറയാന്‍ ജോണിനു മാത്രമേ കഴിയൂ.

ബഷീര്‍ തന്റെ വെങ്കല പുരസ്‌കാരമെടുത്ത്‌്‌ കുറുക്കനെ എറിഞ്ഞ പോലെ ജോണ്‍ ചെരുപ്പൂരി തന്റെ കഴുതയെ എറിഞ്ഞു. ഇറ്റലിയിലായിരുന്നു അത്‌. ചലചിത്ര മേളയില്‍ അഗ്രഹാരത്തിലെ കഴുതയെന്ന ചലചിത്രത്തെക്കുറിച്ച്‌ ആമുഖമായി ചിലത്‌ പറഞ്ഞ്‌ ജോണ്‍ തന്റെ ഇരിപ്പിടത്തിലേക്ക്‌്‌ പോയി. ശീതീകരിച്ച ആ മുറിയിലെ നിശബ്ദത ജോണിനെ അസ്വസ്ഥനാക്കി. ഇറ്റലിയില്‍ വെച്ച്‌ ജോണില്‍ ഉയര്‍ന്ന ജിപ്‌സി യുവാവിന്‌ കേരളത്തിലെ ആര്‍ട്ട്‌ ഫിലിം സംവിധായകന്റെ സൗന്ദര്യശാസ്‌ത്രത്തെ ഉള്‍ക്കൊള്ളാനായില്ല. തിരശ്ശീലയില്‍ തരികിടകളൊപ്പിച്ചുകൊണ്ടിരുന്ന തന്റെ കഴുതക്ക്‌ നേരെ അദ്ദേഹം ഷൂ വലിച്ചെറിഞ്ഞു.

ജോണ്‍ പൂര്‍ണ നഗ്നനായിരുന്നു. സിനിമാ രംഗത്തുള്ളവര്‍ സുഖലോലുപതയില്‍ കഴിഞ്ഞപ്പോള്‍ ജോണ്‍ തെരുവില്‍ ചെളിപുരണ്ട്‌ കഴിയാന്‍ ആഗ്രഹിച്ചു. അവിടെനിന്നും ജീവിതത്തിന്റെ ആരും തിരിച്ചറിയപ്പെടാത്ത മുഖങ്ങള്‍ കണ്ടെടുത്തു. അത്‌ സിനമിയാക്കി.

ജോണ്‍ നല്‍കിയ ആഘാതത്താല്‍ മലയാളികള്‍ ശരിക്കും ഞെട്ടിയിരുന്നു. ആ ഞെട്ടലില്‍ നിന്ന്‌ നാം മോചിതമാകും മുമ്പ്‌ അദ്ദേഹം വേദിയില്‍ നിന്ന്‌ മാറിക്കളഞ്ഞു. കോഴിക്കോട്‌ നഗരത്തിലെ, പണിതീരാത്ത ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ താഴേക്ക്‌ വീണാണ്‌, ജോണ്‍ ജീവിതത്തോടും സിനിമയോടും വിടപറഞ്ഞത്‌.