Categories

മുംബൈയില്‍ ചേരി ജീവിതം നരകതുല്യമെന്ന് യു.എന്‍ റിപ്പോര്‍ട്ട്

dharavi-rwരാജ്യത്തെ ഏറ്റവും കൂടുതല്‍ ശരാശരി ആളോഹരി വരുമാനമുള്ള(65,361 രൂപ) മുംബൈ നഗരത്തില്‍ 1.2 മില്ല്യണ്‍ ജനങ്ങളുടെ ദിവസ വരുമാനം 20 രൂപ. അപ്പാര്‍ട്ടുമെന്റുകളും വില്ലകളും 20-25 കോടി രൂപക്ക് വില്‍പന നടത്തുന്ന നഗരത്തില്‍ പകുതിയിലേറെ പേരും താമസിക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ചേരിപ്രദേശങ്ങളില്‍. ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമണ്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ചരിത്ര നഗരത്തില്‍ പുഴുക്കളെ പോലെ ജീവിക്കുന്ന മനുഷ്യരുടെ ജീവിത നിലവാരം ചൂണ്ടിക്കാട്ടുന്നത്. ലോകത്തെ നാലാമത്തെ നാഗരിക ആവാസ മേഖലയാണ് മുംബൈ. മുംബൈ നഗരത്തില്‍ പകുതിയിലധികം പേരും വാസ യോഗ്യമല്ലാത്ത ചേരികളിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ചേരികള്‍ സ്ഥിതി ചെയ്യുന്നതാകട്ടെ നഗരത്തിലെ ആറു ശതമാനം ഭൂമിയിലും. ഒരു കാലത്ത് കിഴക്കിന്റെ ലണ്ടന്‍ എന്ന് വിളിക്കപ്പെട്ട മുംബൈയിലാണ് ഒരു വലിയ വിഭാഗം ജനത ഇങ്ങനെ പുറം പോക്കിലേക്ക് വലിച്ചെറിയപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ദാരാവി സ്ഥിതി ചെയ്യുന്നത് മുംബൈയിലാണ്. കോടിക്കണക്കിന് ഡോളറിന്റെ വീടുകളില്‍ കഴിയുന്നവരുള്ള മുംബൈയില്‍ 12.17 ശതമാനം പേരുടെ മാസ വരുമാനം 591 രൂപയാണ്. സമൂഹത്തില്‍ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1998 ല്‍ ഇവിടെ മുംബൈ നഗരത്തില്‍ ദാരിദ്ര്യത്തിന്റെ അളവ് കുറവായിരുന്നെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. അന്ന് ദേശീയ നഗര ജീവിതനിലവാര ശരാശരിയേക്കാള്‍ താഴെയുള്ള 8.5 ശതമാനം പേരെ നഗരത്തിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2009 ആയപ്പോഴേക്കും ഇത് വര്‍ധിച്ചു വന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ആസൂത്രണ കമ്മീഷന്റെ ആദ്യ സമ്പൂര്‍ണ യോഗം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരുകയാണ്. വരള്‍ച്ചയും വിലക്കയറ്റവും ജനജീവിതത്തെ വേട്ടയാടുന്ന സമയത്താണ് ആസൂത്രണ കമ്മീഷന്‍ യോഗം നടക്കുന്നത്. യോഗത്തിലും ഇതായിരിക്കും പ്രധാന ചര്‍ച്ച. ഈ സാമ്പത്തിക വര്‍ഷം 6.3 ശതമാനം വളര്‍ച്ച രാജ്യം കൈവരിക്കുമെന്ന് ആസൂത്രണ കമ്മീഷന്‍ പ്രതീക്ഷിക്കുന്നു. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ എട്ടും 2011-12 വര്‍ഷത്തില്‍ ഒന്‍പതും ശതമാനം വളര്‍ച്ചയും കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തിന് മുന്‍പായി കമ്മീഷന്‍ തയ്യാറാക്കിയ രേഖയില്‍ പറയുന്നുണ്ട്. രാജ്യം പ്രഖ്യാപിക്കുന്ന വികസന രേഖയില്‍ അടിസ്ഥാന വര്‍ഗത്തിന്റെ ജീവിതക്കണക്കുകള്‍ രേഖപ്പെടുത്തപ്പെടുന്നില്ലെന്നാണ് മുംബൈ പറഞ്ഞു തരുന്നത്. രാജ്യം ആവിഷ്‌കരിച്ച തെറ്റായ വികസന സങ്കല്‍പത്തിന്റെ പരിണിത ഫലമാണ് മുംബൈ. ആഭ്യന്തര ഉല്‍പാദനം വികസനത്തിന്റെ തോതായി കണക്കാക്കുന്ന സര്‍ക്കാര്‍ അതിന്റെ നേട്ടം ചില വന്‍ കുത്തകകള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്ന കാര്യം മനപൂര്‍വ്വം മറക്കുന്നു. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരും കടക്കെണില്‍പ്പെട്ട് പുരയിടം വില്‍ക്കുന്നവരും കുടിയേറ്റക്കാരും അടങ്ങിയ വലിയൊരു ജനസഞ്ചയം രാജ്യവികസനത്തിന്റെ സുവര്‍ണ രേഖക്ക് പുറത്ത് കഴിയുമ്പോള്‍ ആസൂത്രണം എവിടെ നിന്ന് തുടങ്ങണമെന്നത് വലിയൊരു ചോദ്യമായി നിലനില്‍ക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.