ന്യൂദല്‍ഹി: സീറ്റ് ലഭിക്കാത്തതിന്റെ നിരാശയാകാം കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ കോണ്‍ഗ്രസ്സിനെതിരേ പ്രതികരിക്കാന്‍ കാരണമെന്ന് എ.ഐ.സി.സി. ആരോപണങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറിയും കെ.പി.സി.സി നേതൃത്വവും പരിശോധിക്കുമെന്നും കോണ്‍ഗ്രസ് വക്തമാവ് മനീഷ് തിവാരി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ചയാള്‍ സീറ്റിനുവേണ്ടി ശ്രമിച്ചിട്ടുണ്ടാകാം. സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയായിരിക്കാം ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും മനീഷ് തിവാരി പറഞ്ഞു. സോണിയാഗാന്ധിക്കെതിരെയും ചെന്നിത്തലക്കെതിരെയും ഉമ്മന്‍ചാണ്ടിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ ഉന്നയിച്ചത്.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍നിന്നും താന്‍ ഊരുവിലക്ക് നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ വ്യക്തമാക്കി. അഴിമതിക്ക് കൂട്ടുനില്‍ക്കാഞ്ഞതിനാലാണ് തന്നെ 2006ല്‍ മന്ത്രിസഭയില്‍നിന്നും പുറത്താക്കിയത്. അഴിമതിക്ക് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തന്നെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.

തന്റെ വകുപ്പ് എടുത്ത് മാറ്റുമെന്ന് പിന്നീട് ഭീഷണിപ്പെടുത്തി. ഹിമാലയ കേസുകള്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. ഇരുവരും യു.ഡി.എഫ് ജയിച്ചാല്‍ ഇവര്‍ രണ്ടു പേരും മുഖ്യമന്ത്രിമാരാവരുതെന്നും അദ്ദേഹം പറഞ്ഞു.