Categories

റെഡ്ഡിയെ കണ്ടെത്തിയില്ല; തിരച്ചില്‍ തുടരുന്നു

ys-rajasheghara-redyഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല. രാജശേഖര റെഡ്ഢിക്കായി തിരച്ചില്‍ തുടരുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി അറിയിച്ചു. ഏഴു ഹെലികോപ്റ്ററുകളാണ് തിരച്ചില്‍ നടത്തുന്നത്.

ഇന്നു രാവിലെ 8.45ന് ഹൈദരാബാദില്‍ നിന്ന് കര്‍ണൂലിലേക്ക് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള അഞ്ചംഗ സംഘവുമായി പുറപ്പെട്ട ഹെലികോപ്റ്ററിന് എയര്‍പോര്‍ട്ടുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് റെഡ്ഡിയെക്കുറിച്ച വിവരമൊന്നും ലഭിച്ചില്ല. കനത്ത മഴയെ തുടര്‍ന്ന് അടിയന്തിരമായി കര്‍ണൂല്‍ വന്നത്തിലിറക്കുകയെന്ന് ഉച്ചക്ക് ഒരു മണിയോടെ അധികൃതര്‍ അറിച്ചു. എന്നാല്‍ റെഡ്ഡിയെയും ഹെലികോപ്റ്ററിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന് സ്വാധീനമുള്ള മേഖലയിലാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.

കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വിളിച്ചു കൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ റെഡ്ഡിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. റെഡ്ഡിയുടെ സുരക്ഷക്കായി പ്രാര്‍ഥിക്കുന്നെന്നും തിവാരി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.

രാജശേഖര റെഡ്ഡി ഉപയോഗിച്ച ഹെലിക്കോപ്റ്റര്‍ സഞ്ചാരയോഗ്യമല്ലായിരുന്നെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് പുതുക്കിയിരുന്നില്ലെന്നും വ്യോമയാന വകുപ്പ് വെളിപ്പെടുത്തി. ഗ്രാമ പ്രദേശങ്ങളിലെ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് നേരിട്ട് വിലയിരുത്തനാണ് അദ്ദേഹം രാവിലെ പുറപ്പെട്ടത്.

രാവിലെ 9.45നാണ് ഹെലികോപ്റ്ററില്‍ നിന്നും അവസാനമായി റേഡിയോ സന്ദേശം ലഭിച്ചത്. കനത്തമഴ, ഇരുട്ട്, നക്‌സല്‍ സാന്നിധ്യം തുടങ്ങിയവ തിരച്ചിലിന് ഭീഷണിയായി നില നില്‍ക്കുകയാണ്. എട്ട് ഹെലികോപ്റ്ററുകള്‍ കര്‍ണോല്‍ ചിറ്റൂര്‍ വനമേഖലയില്‍ പരിശോധന നടത്തുന്നുണ്ട്. 5000 ത്തോലം സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കാല്‍ നടയായി അന്വേഷണം നടത്തുന്നതിനും രാത്രി കാലത്ത് തിരച്ചില്‍ നടത്തുന്ന മനുഷ്യരില്ലാത്ത വിമാനം അയക്കുന്നതിനും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതോടെ എന്തെങ്കിലും വിവരം കിട്ടുമെന്നാണ് സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍.

ആഭ്യന്തര,പ്രതിരോധ,വ്യോമയാന മന്ത്രാലയങ്ങളെല്ലാം സംഭവത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. പ്രധാന മന്ത്രിയുടെ ഓഫീസും പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ട്. കോണ്‍ഗ്രസുമായും കേന്ദ്രവുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന റെഡ്ഡിയുടെ കാണാതാവല്‍ സോണിയ ഉള്‍പ്പെടെയുള്ള നേതാക്കളെയും ഏറെ ആശങ്കാകുലരാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.