anand-jon-rwലോസാഞ്ചല്‍സ്: മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന് ലൈംഗിക പീഡനക്കേസില്‍ അമേരിക്കന്‍ കോടതി 59 വര്‍ഷംതടവ് വിധിച്ചു. മോഡലുകളെ പീഢിപ്പിച്ച കേസിലാണ് 35 കാരനായ ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോസാഞ്ചല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പതിനാലിനും 21നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ മോഡലിങ് ജോലികള്‍ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്നായിരുന്നു ആനന്ദിനെതിരായ കേസ്.2002നും 2007നും ഇടയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

ആനന്ദിനെതിരെ ചുമത്തിയ 23 കേസുകളില്‍ 16 എണ്ണത്തിലും കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തി.59 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. 67 വര്‍ഷത്തിന് ശേഷം ജോണിന് പരോളിന് അര്‍ഹതയുണ്ടാകും.കേസുകളില്‍ ശിക്ഷ വിധിക്കുമ്പോള്‍ ആനന്ദ് കോടതിയില്‍ ഹാജരായിരുന്നു.യുവതികളെ സൂപ്പര്‍ മോഡലുകളാക്കാത്തതിലുള്ള പകവീട്ടാനാണ് അവര്‍ കേസ് കൊടുത്തതെന്ന് ആനന്ദ് ആരോപിച്ചിരുന്നു.വിചാരണ്ക്കിടെ ജഡ്ജിമാരിലൊരാള്‍ ആനന്ദിന്റെ സഹോദരിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പ്രോസിക്യൂഷന്‍ കൃത്രിമമായി തെളിവുകള്‍ ചമച്ചുവെന്നും ആനന്ദ് ആരോപിച്ചു. കേസുകളില്‍ പുനര്‍ വിചാരണ നടത്തണമെന്ന ആനന്ദിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.വിചാരണ നീതിപൂര്‍വമായിരുന്നുവെന്നു കോടതി വിലയിരുത്തി. വിചാരണക്കിടെ ഒന്‍പത് യുവതികളാണ് ആനന്ദിനെതിരെ മൊഴി നല്‍കിയത്.ഇനി ജോണിനെതിരെ ടെക്‌സാസിലും ന്യൂയോര്‍ക്കിലുമായി 20 ഓളം കേസുകള്‍ ബാക്കിയുണ്ട്. ഈ കേസുകളിലും വൈകാതെ വിചാരണ നടക്കും.

പാരിസ് ഹില്‍ട്ടന്‍ ഉള്‍പ്പടെയുള്ള പ്രശസ്തര്‍ക്കായി ആനന്ദ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടിട്ടുണ്ട്. ആനന്ദിനെതിരെയുള്ളത് കള്ളക്കേസാണെന്നും സര്‍ക്കാര്‍ ഇതില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരി സഞ്ജനയും സുഹൃത്തുക്കളും ഇന്ത്യയില്‍ അധികൃതരെ കണ്ടിരുന്നു.