Administrator
Administrator
അഹമ്മദും വിജയനും തമ്മിലുള്ള വ്യത്യാസം
Administrator
Saturday 29th August 2009 12:43pm


കാവല്‍ നായ്ക്കളുടെയും എല്ലിന്‍ കഷ്ണത്തിന്റെയും കഥ

ahammed-pianarayi

സി.പി.ഐഎമ്മിന് ഇനി നഷ്ടം സഹിച്ച് ദേശാഭിമാനി നടത്തിക്കൊണ്ട് പോകേണ്ടതില്ല. കൈരളി ടി വിക്ക് മനസാക്ഷിക്കുത്തില്ലാതെ തന്നെ വാര്‍ത്തകളുപേക്ഷിച്ച് മുഴുവന്‍ സമയ വിനോദത്തിലേക്ക് നീങ്ങാം. ഒരു കാര്യം മാത്രം; പാര്‍ട്ടി പരസ്യക്കമ്പനി തുടങ്ങണം. പാര്‍ട്ടി പരിപാടികളും പാര്‍ട്ടി തുടങ്ങുന്ന വ്യവസായങ്ങളും വിശദീകരിച്ചുകൊണ്ട് ഇടക്കിടെ ബഹുമുഖ പരസ്യങ്ങള്‍ സംവിധാനം ചെയ്യണം. ഇത് മുറ തെറ്റാതെ നമ്മുടെ ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കള്‍ക്ക് എത്തിച്ച് കൊടുക്കണം.

പരസ്യമാകുമ്പോള്‍ അല്‍പ്പം കൂട്ടിയും പെരുപ്പിച്ചും പറയാം. പക്ഷെ വരികളില്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം കൈവിട്ടുകളയരുത്. കാച്ച് വേര്‍ഡുകളെഴുതുമ്പോള്‍ ഇപ്പോള്‍ ദേശാഭിമാനിയിലെ പാര്‍ട്ടി പേനയുന്തികളെ ഉപയോഗപ്പെടുത്തുന്നതാണ് ഉത്തമം. ഉദാഹരണത്തിന് കണ്ണൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ ഉദ്ഘാടനത്തിന് പരസ്യം നല്‍കുമ്പോള്‍ വെള്ളം എന്നത് വിനോദത്തിനുള്ളതാണെന്നും വിനോദിക്കാന്‍ അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് കൂടി അവകാശമുണ്ടെന്നും അങ്ങനെ മഹത്തായ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ വെള്ളവ്യാഖ്യാനമാണ് വാട്ടര്‍ തീം പാര്‍ക്കെന്നും വിശദീകരിക്കാം. നല്ല അടിക്കുറുപ്പുകളും കൊടുക്കാം. ഒന്നാം പേജില്‍ കളര്‍ പരസ്യം ചെയ്യുകയാണെങ്കില്‍ നന്ന്.

പാര്‍ട്ടി സെക്രട്ടറിയും ലാവ്‌ലിന്‍ അഴിമതിക്കേസില്‍ കുടുങ്ങി ബേജാറില്‍ കഴിയുകയും ചെയ്യുന്ന സെക്രട്ടറി പിണറായിക്കാരന്‍ വിജയനും വേണമെങ്കില്‍ വലിയ തലച്ചിത്രമൊട്ടിച്ച് സ്വന്തം നിലയില്‍ പരസ്യം നല്‍കുകയും ആവാം.

കമ്മ്യൂണിസ്റ്റ് നേതാവ് അഴിമതി ചെയ്താല്‍ മാത്രം വാര്‍ത്തയാകുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ ക്രൂരമായി മാധ്യമങ്ങള്‍ വിചാരണ ചെയ്തില്ലേ. ഇപ്പോള്‍ ഹജ്ജ് അഴിമതിയാരോപണത്തിന് വിധേയനായ മുസ്ലിം ലീഗ് നേതാവും കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദിനെയും അദ്ദേഹത്തിന് ബന്ധമുള്ള അല്‍ഹിന്ദ് ട്രാവല്‍സിനെയും സംരക്ഷിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ കാണിക്കുന്ന ശുഷ്‌കാന്തി കണ്ടപ്പോഴാണ് ‘എന്ത് കൊണ്ട് പിണറായി’ എന്ന് ചോദിച്ച് തുടങ്ങിയത്. എന്ത് കൊണ്ട് അഹമ്മദ് സംരക്ഷിക്കപ്പെടുകയും പിണറായി ക്രൂശിക്കപ്പെടുകയും ചെയ്യുന്നുവെന്നത് വലിയൊരു ചോദ്യമായി ഉയര്‍ന്നു. ആലോചിച്ചപ്പോള്‍ അത്രയൊന്നും തല ചൂടാക്കേണ്ട കാര്യമില്ല ഇതിലെന്ന് തോന്നി. നായ്ക്കളുടെയും എല്ലിന്‍ കഷ്ണങ്ങളുടെയും നിസാരമായ ഫോര്‍മുല മാത്രമേ ഇതിലുള്ളൂവെന്ന് വ്യക്തമായി.

കുരച്ച് കൊണ്ടിരിക്കുക എന്നതാണ് കാവല്‍ നായ്ക്കളുടെ അറിയപ്പെട്ട ജോലി. കള്ളന്‍മാര്‍ വരുമ്പോള്‍ യജമാനനെ സംരക്ഷിക്കുവാന്‍ വലിയ വായയില്‍ കുരക്കുന്ന നായകള്‍ ചിലപ്പോള്‍ ഒരു എല്ലിന്‍ കഷ്ണം കിട്ടിയാല്‍ മിണ്ടാതിരിക്കും. പഠിച്ച കള്ളന്‍മാര്‍ ഇങ്ങനെ നായകള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങളുമായാണ് മോഷണത്തിനിറങ്ങുക.
എന്നാല്‍ നായക്ക് ഭക്ഷണമെറിഞ്ഞ് കൊടുക്കാതെ അതിനെ തല്ലിക്കൊല്ലുന്നവരുമുണ്ട്. ഇത് പലപ്പോഴും വിജയിച്ച് കൊള്ളണമെന്നില്ല. പ്രത്യേകിച്ചും ഒന്നിലധികം നായകളുണ്ടാവുമ്പോള്‍. ഒരു നായയെ തല്ലുമ്പോള്‍ മറ്റുള്ളവക്ക് വര്‍ഗ ബോധമുണരുകയും കൂടുതല്‍ പരാക്രമണങ്ങള്‍ നടത്തുകയും ചെയ്യും. ഇത് കള്ളന്‍ പിടിക്കപ്പെടുന്നതിനും ഇടയാക്കിയേക്കും.

ഇ അഹമ്മദിനെ പോലെ എല്ലിന്‍ കഷ്ണം പരീക്ഷിക്കുകയായിരുന്നു പിണറായിക്കും നല്ലത്. പക്ഷെ അദ്ദേഹം നായയെ കൊല്ലാനാണ് ശ്രമിച്ചത്. പിന്നീടുണ്ടായ പുകിലുകള്‍ നാമെല്ലാം കണ്ടതാണ്. മോഷ്ടാവിനെയും അവരുടെ കൂട്ടാളികളെയും കാവല്‍ നായ്ക്കള്‍ കടിച്ചു കുടഞ്ഞു. പലരുടെയും രക്തം പൊടിഞ്ഞു. മാധ്യമങ്ങള്‍ പലതും വാര്‍ത്തകളെഴുതുന്ന രീതിയെക്കുറിച്ച് പിണറായി അന്ന് തന്നെ പറഞ്ഞിരുന്നു. പക്ഷെ ഉണ്ട ചോറിന് ഇത്രത്തോളം നന്ദി കാണിക്കുന്ന വര്‍ഗമാണ് ഇതെന്ന് പിണറായി പോലും ഇപ്പോഴായിരിക്കും തിരിച്ചറിയുന്നത്.

ഹജ്ജ് അഴിമതി പുറത്ത് വന്നപ്പോഴായിരുന്നു അത്. ദേശീയാടിസ്ഥാനത്തില്‍ കാലങ്ങളായി നടക്കുന്ന ഒരു തട്ടിപ്പ്. കേന്ദ്ര മന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി ചൂടുള്ള ബൈറ്റ് നല്‍കാന്‍ എത്രയെങ്കിലും ആളുകള്‍. ഇംഗ്ലീഷ് ചാനലായ സി.എന്‍.എന്‍-ഐ.ബി.എനില്‍ തെളിവുകളുദ്ധരിച്ച് റിപ്പോര്‍ട്ട്. പക്ഷെ എങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ അറിഞ്ഞ മട്ട് കാണിച്ചില്ല. ബൂര്‍ഷ്വാ പത്രങ്ങളില്‍ ഒറ്റക്കോളം വാര്‍ത്ത പോലുമില്ല. ഹജ്ജ് അഴിമതി കഴിഞ്ഞ കാലങ്ങളില്‍ ചെറിയ തോതിലെങ്കിലും ഉന്നയിച്ച ചില മുസ്ലിം പത്രങ്ങള്‍ മാത്രം അല്‍പമെങ്കിലും തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു. ഇതിന്റെ ഉദ്ദേശ ശുദ്ധി പോലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

വാര്‍ത്തകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു മനസാക്ഷിക്കുത്തുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇ അഹമ്മദിനെതിരെ ഉയര്‍ന്ന ഹജ്ജ് അഴിമതിയാരോപണം. അഹമ്മദിന്റെ മകന് പങ്കാളിത്തമുള്ള അല്‍ഹിന്ദ് ട്രാവല്‍സുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. അല്‍ഹിന്ദ് അനധികൃതമായി ഹജ്ജ് ക്വാട്ട നേടിയെടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്. അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണമെന്ന രീതിില്‍ വാര്‍ത്തകളുണ്ടായി. എന്നാല്‍ അത് കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള അന്വേഷണല്ല, ഇനിയങ്ങോട്ട് എന്ത് ചെയ്യണമെന്നത് ആലോചിക്കാനുള്ള താണെന്ന് പിന്നീട് വ്യക്തമായി.

അഹമ്മദ് കളി അറിയുന്നവനാണ്. വാര്‍ത്ത കൊടുക്കേണ്ടെന്ന പത്രമോഫീസുകളിലേക്ക് വിളിച്ച് പറയേണ്ട ബുദ്ധിമുട്ട് പോലും അദ്ദേഹത്തിനുണ്ടായില്ലെന്നാണ് അറിയുന്നത്. ഭക്തഭല്‍സലരായ മാധ്യമങ്ങള്‍ വേണ്ടത് ചെയ്തു. ഇനി അന്വേഷണവുമില്ല മണ്ണാങ്കട്ടയുമില്ല. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് പോലും അസൂയ തോന്നുന്നുണ്ടാവും.

അഹമ്മദ് ഒരു തിരിച്ചറിവാണ്. അഴിമതിയിലൂടെ ലഭിക്കുന്ന പണം വീതം വെക്കുമ്പോള്‍ ഒരു വിഹിതം മാധ്യമങ്ങള്‍ക്കും നീക്കി വെക്കേണ്ടതുണ്ടെന്ന തിരിച്ചറിവ്. അത് ഇല്ലാതെ പോകുമ്പോഴാണ് പിണറായി ക്രൂശിക്കപ്പെടുകയും അഹമ്മദ് സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത്. സി.പി.ഐ.എമ്മിനും പിണറായിക്കും തെറ്റുകള്‍ തിരുത്താന്‍ സമയമുണ്ട്. ഉദാരമതികളായ നമ്മുടെ മാധ്യമ തമ്പ്രാക്കള്‍ കഴിഞ്ഞതെല്ലാം പൊറുക്കും. ‘അഴിമതിരഹിത’ കേരളം പിറക്കും.

Advertisement