കൊല്‍ക്കത്ത: തോറ്റു എന്നുറപ്പിച്ച മല്‍സരത്തില്‍ അവസാന പന്തില്‍ സിക്‌സറടിച്ച് മുംബൈ ജയം നേടി. അമ്പാട്ടി റായ്ഡുവും ജെയിംസ് ഫ്രാങ്കഌനുമാണ് മുംബൈയുടെ രക്ഷകരായത്.

അവസാന ഓവറില്‍ മുംബൈയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 21 റണ്‍സായിരുന്നു. എന്നാല്‍ ബാലാജിയുടെ തുടര്‍ച്ചയായ നാലു പന്തുകള്‍ ബൗണ്ടറികടത്തി ഫ്രാങ്കളിന്‍ പ്രതീക്ഷ കെടാതെ കാത്തുസൂക്ഷിച്ചു. അഞ്ചാം പന്തില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് അമ്പാട്ടി റായ്ഡുവിന് കൈമാറി. അവസാന പന്ത് സിക്‌സറിനു പറത്തി റായ്ഡു മുംബൈയ്ക്ക് അവിശ്വസനീയ ജയം നേടുകയായിരുന്നു.

നേരത്തേ ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത 175 എന്ന മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ കാലിസ് 59 റണ്‍സും മനോജ് തിവാരി 35 റണ്‍സും യൂസഫ് പഠാന്‍ 36 റണ്‍സുമെടുത്തു. മുംബൈയ്ക്കായി അഹമ്മദ്, ഫ്രാങ്കളിന്‍ എന്നിവര്‍ രണ്ടുവിക്കറ്റെടുത്തു.

രണ്ടുവിക്കറ്റും 45 റണ്‍സുമെടുത്ത ഫ്രാങ്കഌനാണ് കളിയിലെ താരം. നേരത്തേ മുംബൈയ്ക്കായി സച്ചിന്‍ 38 റണ്‍സും സ്ഥാനക്കയറ്റം നേടിയ ഹര്‍ഭജന്‍ സിംഗ് 30 റണ്‍സും നേടി.