കൊല്ലം: ബാംഗ്ലൂര്‍ പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് അബ്ദുള്‍ നാസര്‍ മഅദനി. തനിക്കെതിരായ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇനി സുപ്രീംകോടതിയെ സമീപിക്കില്ലെന്നും മഅദനി വ്യക്തമാക്കി.

തനിക്കെതിരായ നീക്കം കുടിലവും ആസൂത്രിതവുമാണ്. തന്നെ കേസിലകപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമുണ്ട്. പി ഡി പി പ്രവര്‍ത്തകരാരും തന്നെ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തരുതെന്നും മഅദനി പറഞ്ഞു. ബാംഗ്ലൂര്‍ കേസ് കോയമ്പത്തൂരിനേക്കാള്‍ അപകടകരമാണ്. കോയമ്പത്തൂര്‍കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത് പിന്നീട് തെളിവുകളുണ്ടാക്കുകയായിരുന്നു. ബാംഗ്ലൂര്‍ കേസില്‍ ആദ്യം വ്യാജതെളിവുകളുണ്ടാക്കുകയും പിന്നീട് അറസ്റ്റിന് മുതിരുകയുമാണ്. എത്ര പീഢനങ്ങള്‍ സഹിക്കേണ്ടിവന്നാലും തീവ്രവാദത്തിന്റെ പാതയില്‍ സഞ്ചരിക്കില്ലെന്ന് മഅദനി പറഞ്ഞു.

നേരത്തെ അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് അന്‍വാര്‍ശേരിയില്‍ പി ഡി പി പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കെട്ടിടത്തിനു മുകളില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ച ആളെ മറ്റു പി ഡി പി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയായിരുന്നു.