Categories

അമ്മിണിക്കുട്ടിയുടെ ഓണം

പ്രകൃതിയാത്ര വീണ്ടും തുടങ്ങുകയാണ്.  തൊടിയിലെ പൂവും കായും ചെടിയുമെല്ലാംഈ യാത്രയില്‍ പരിചയപ്പെടും. നമ്മളിന്ന്  കാണാതെ പോകുന്ന  മുക്കുറ്റിയും തുമ്പയും തെച്ചിപ്പൂവും എല്ലാം  യാത്രക്കിടയില്‍  നിങ്ങളെ തേടിയെത്തും. പണ്ട് ഈ പൂക്കളൊക്കെ ഒരിക്കലെങ്കിലും തൊടാത്ത ഒരൊറ്റ കുട്ടിയും  ഈ നാട്ടിലുണ്ടായിരുന്നില്ല.

എന്നാല്‍ കാലത്തിന് തിരക്കുകൂടിയപ്പോള്‍ നമ്മുടെ കൊച്ചുമിടുക്കന്മാര്‍ ഇതെല്ലാം കണാതെ പോയി. നമ്മുടെ സമ്പന്നമായ ജൈവവൈവിധ്യത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ കൊച്ചുകൂട്ടുകാര്‍ അവരുടെ തൊടിയില്‍ നിന്നുതന്നെ പഠിക്കണം… അതുകൊണ്ടുതന്നെ കൂട്ടുകാരേ നമുക്ക് നമ്മുടെ മുത്തശ്ശിയുടെ കൂടെ ഒരു യാത്ര  പോകാം… തൊടിയിലെ കാഴ്ച്ചകളിലേക്ക്… പ്രകൃതിയിലേക്ക്… പ്രകൃതിയാത്ര തുടരുന്നു…


‘അമ്മേ ഫ്രിഡ്ജില് വച്ച ആ ജമന്തിപ്പൂക്കളൊന്ന് എടുത്ത് തര്യോ’ പൂക്കളമിടുന്നതിനിടയില്‍ അമ്മിണിക്കുട്ടി വിളിച്ചുപറഞ്ഞു.
‘എന്റെ കുട്യേ, പൂക്കള്‍ ഫ്രഡ്ജിലാ വെയ്ക്കാ’
കോലായില്‍ അടക്കയും വെത്തിലയും കൂട്ടിമുറുക്കി ചുവപ്പിച്ചിരുന്ന മുത്തശ്ശി അമ്മിണിക്കുട്ടിയോട് ചോദിച്ചു.
‘ന്നാ നിന്‍റെ പൂസഞ്ചി’  അടുക്കളയില്‍ അത്തപ്പായസം വച്ചുകൊണ്ടിരിക്കുന്നതിനിടിയില്‍ ബുദ്ധിമുട്ടിച്ച ശ്രീദേവിയമ്മ ഇത്തിരി കെറുവോടെ അമ്മിണിക്കുട്ടിയുടെ മുന്നിലേക്ക് കഴിഞ്ഞ ദിവസം അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന ജമന്തിപൂ സഞ്ചി ഇട്ടുകൊടുത്തു.

‘അമ്മിണിക്കുട്ടിയേ, നീ എന്തിനാ ഇത്ര ധൃതീല് പൂക്കളമിടുന്നേ, നിനക്കിത്തിരി സാവധാനത്തില്‍ ഇട്ടാ പോരേ ‘
‘ന്‍റെ മുത്തശ്ശിയേ, ആ കാലാദീപം വായനശാലക്കാര് ഇപ്പോ വരും  പൂക്കളത്തിന് മാര്‍ക്കിടാന്‍.’
‘ന്നാ വേഗം തീര്‍ത്തോ , അല്ല ഉണ്ടാപ്രി എവിടെപ്പോയി ‘

‘അവനെ ദാമോരേട്ടന്റെ പീടികേന്ന് ഇത്തിരി ചെണ്ടുമല്ലി വാങ്ങാന്‍ പറഞ്ഞയച്ചതാ. കൊറേ നേരായി കൊരങ്ങന്‍ പോയിട്ട്. പീടികേല്  മിട്ടായിക്കുപ്പിയും നോക്കി നില്‍ക്കുന്നുണ്ടാവും തീറ്റപ്പണ്ടാരം ‘ അമ്മിണിക്കുട്ടി തിരക്കിനിടയില്‍ കെറുവിച്ചു.

ഉണ്ടാപ്രി അമ്മിണിക്കുട്ടിയുടെ അനിയനാണ്. ഉണ്ടാപ്രി പൂ വാങ്ങാന്‍ പോയിട്ട് കാണാത്തതിന്റെ വിഷമവും സമയമില്ലാത്തതിന്റെ ധൃതിയുമെല്ലാം അമ്മിണിക്കുട്ടിയുടെ മുഖത്തുണ്ട്.
‘അമ്മിണിക്കുട്യേ, നീ എന്തിനാ പൂവാങ്ങാന്‍ പീടികേലേക്കൊക്കെ അവനെ പറഞ്ഞയച്ചേ. ഇവിടെ തൊടീല്‍ തന്നെ നോക്കിയാല്‍ ഒരുപാട് പൂക്കള്‍ കണുമല്ലോ. കൃഷ്ണകീരീടോം അരിപ്പൂവും കാക്കപ്പൂവും തുമ്പപ്പൂവും ഒക്കെ… ‘

‘ന്റെ മുത്തശ്ശിയേ അതൊക്കെ എന്തിന് കൊളളാം. പീടികേന്ന് വാങ്ങിയാല്‍ പണിവേഗം തീരില്ലേ ‘
‘ന്നാലും നമ്മുടെ തൊടീലെ പൂക്കളത്രേ അവ്വോ അമ്മിണിക്കുട്ട്യേ ‘
‘അയ്യോ അമ്മേ ന്റെ കൈ മുറിഞ്ഞേ… അയ്യോ…’ ധൃതിയില്‍ പൂക്കളരിഞ്ഞിടുന്നതിനിടയില്‍ അമ്മിണിക്കുട്ടിയുടെ കൈമുറിഞ്ഞു.
‘ശ്രീദേവ്യേ ഒന്നിങ്ങോട്ട് വേഗം വാ.. അമ്മീണിക്കുട്ടീടെ കയ്യ് മുറിഞ്ഞു. ‘ മുറുക്കി ചുവപ്പിച്ചിരുന്ന മുത്തശ്ശി അമ്മിണിക്കുട്ടിയെ എടുത്ത് മടിയിലേക്ക് വച്ച് മുറിഞ്ഞ വിരല്‍ സാരി തുമ്പുകൊണ്ട് കെട്ടി.

‘ശ്രീദേവ്യേ നീ ആ മുറ്റത്തീന്ന് ഇത്തരി മുക്കുറ്റീന്റെ ഇലപറിച്ച് താ ‘ മുത്തശ്ശി നാട്ടുവൈദ്യം പുറത്തെടുത്തു.
‘അയ്യോ ന്റെ മോളേ നീ എന്താ ഈ കാട്ടിയേ…’ അമ്മിണിക്കുട്ടീടെ കൈയ്യില്‍ നിന്ന് ചോര പൊടിയുന്നതുകണ്ട് ശ്രീദേവിയമ്മ വിഷമിച്ചു.
‘ശ്രീദേവിയേ നീ പറഞ്ഞ് നിക്കാണ്ട് വേഗം പോയി പറിക്ക്. ആ ആഞ്ഞിലിയുടെ അപ്പുറത്ത് കുറേ മുക്കുറ്റിച്ചെടിയുണ്ട്. ‘
ശ്രീദേവിയമ്മ ഓടിപ്പോയി കുറേ മുക്കുറ്റിച്ചെടികള്‍ വേരോടെ പിഴുതെടുത്ത് കൊണ്ടുവന്നു.

‘മോളേ ഒന്നും പേടിക്കാനില്ലെന്നേ, ഇപ്പോ ശരിയാകും ‘ വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്ന അമ്മിണിക്കുട്ടിയെ സമാധാനിപ്പിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു.
‘ ശ്രീദേവിയേ, നീ ആ ഇലമാത്രം പറിച്ചെടുത്ത് ഇങ്ങ് തന്നേ ‘  ഒരുപാട് പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന മുക്കുറ്റിയുടെ ഇലമാത്രം പിഴുതെടുത്ത് ശ്രീദേവിയമ്മ മുത്തശ്ശിക്ക് കൊടുത്തു. മുത്തശ്ശി അത് ഉള്ളം കൈയ്യിലിട്ട് അരച്ച് നീരെടുത്തു.

‘മോളേ അമ്മിണിക്കുട്ടിയേ ഒന്നും പേടിക്കെണ്ട , ഈ നീര് പുരട്ടിയാ വേഗം  ഉണങ്ങും ‘ മുത്തശ്ശി അമ്മിണിക്കുട്ടിയുടെ മുറിവില്‍ ഒന്ന് രണ്ട് പ്രാവശം മുഖം ചേര്‍ത്തുവച്ച് ഊതി. എന്നിട്ട് മുക്കുറ്റിയിലയുടെ നീരെടുത്ത് മുറിവില്‍ പതിയെ പുരട്ടിക്കൊടുത്തു.

‘ഹോ ന്‍റെ മുത്തശ്ശീ… മെല്ലെ… ‘ മുത്തശ്ശി മുറിവില്‍ മുക്കുറ്റി ഇലനീര് പുരട്ടിക്കൊടുത്തപ്പോള്‍ അമ്മിണി കണ്ണടച്ചുപിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വേദനയടങ്ങി.

അപ്പോഴാണ് ചെണ്ടുമല്ലിപ്പൂക്കളുമായി ഉണ്ടാപ്രി വന്നത്.
‘ഉണ്ടാപ്രിയേ നീ എവിടായിരുന്നു ഇത്രേം നേരം. നിന്നെ കാണാതായപ്പൊ വേഗത്തില് പണിതീര്‍ക്കാന്‍ നോക്കിയപ്പോ ദേ കണ്ടില്ലേ ന്‍റെ കൈ മുറിഞ്ഞു. ‘ അമ്മിണിക്കുട്ടി പറഞ്ഞു.
‘അതേ അമ്മിണിയേച്ചിയേ, ദാമോരേട്ടന്റെ പീട്യേല് ചെണ്ടുമല്ലിപ്പൂവില്ലാഞ്ഞിട്ട് ഞാനേ പാടത്തിന്റെപ്പറത്തെ പീട്യേന്നാ വാങ്ങ്യേ. നടന്ന് നടന്ന് കാല് വേദനയായി.’
‘ന്റെ ഉണ്ടാപ്രിയേ നിന്റെയൊരു കാര്യം, പിന്നേ ദേ ഈ മുക്കുറ്റി പൂവ്വ് കണ്ടോ? കൈമുറിഞ്ഞപ്പോ ഇതിന്‍റെ നീരാണ് തേച്ചത്. നല്ല മരുന്നാണെന്നാ മുത്തശ്ശി പറഞ്ഞേ ‘
‘ഇതെവിടുന്നാ ‘ കൌതുകത്തോടെ ഉണ്ടാപ്രി ചോദിച്ചു,

‘ഇത് നമ്മുടെ തെക്കേലെ ആഞ്ഞിലീന്റെ ചുവട്ടില്‍ നിറയെ ഉണ്ട്.’ മുത്തശ്ശി പറഞ്ഞു.
ശരം വിട്ടതുപോലെ വീടിന്റെ തെക്കേ ഭാഗത്തെ ആഞ്ഞിലിച്ചുവട്ടിലേക്ക് ഉണ്ടാപ്രിയോടി. അവിടെ നിറയെ മുക്കുറ്റിപ്പൂക്കള്‍ കണ്ടപ്പോള്‍ അവന്‍ കൌതുകത്തോട നോക്കി നിന്നു. കുറച്ച് മുക്കുറ്റിപ്പൂക്കള്‍ പറച്ച് കീശയിലുമാക്കി.  തിരിച്ച് വീടിന്റെ ഉമ്മറത്ത് വന്നിരുന്ന് അവന്‍ പ്രഖ്യപിച്ചു.
‘  അമ്മിണിയേച്ചിയേ… അമ്മിണിയേച്ചിയേ… നാളെ നമുക്ക് മുക്കുറ്റിപ്പൂക്കളോണ്ട് പൂവിടാലോ… ചെറുതാണേലും ഈ പൂവിനെ കാണാന്‍ എന്ത് ചന്താ.’ ഉണ്ടാപ്രി കൗതുകം തീരാതെ മുക്കുറ്റിപൂവിനെ നോക്കി പറഞ്ഞു.
‘ ങാ അതുകൊള്ളാം. മുത്തശ്ശിയും തലയാട്ടി.’
‘ന്നാ ന്റെ ഉണ്ടാപ്രിയേ നീ വേഗം ആ പൂക്കൊണ്ട് ദേ ആ കളം നിറയ്ക്ക്. നമ്മുടെ വായനശാലക്കാര് ഇപ്പോവരും.’  പണിതീരാത്ത പൂക്കളത്തെ ചൂണ്ടിക്കാട്ടി അമ്മിണിക്കുട്ടി പറഞ്ഞു.
അങ്ങനെ ഉണ്ടാപ്രി അമ്മിണിക്കുട്ടിയുടെ മേല്‍നോട്ടത്തില്‍ പൂക്കളം നിറച്ചുതുടങ്ങി. മുത്തശ്ശി പതിവുപോലെ  കോലായ തിണ്ണയിലില്‍ കാലും നീട്ടിയിരുന്ന് മുറുക്കി ചുവപ്പിച്ചുകൊണ്ട് ഉണ്ടാപ്രിയുടെയും അമ്മിണിയുടെയും പൂക്കളമിട്ടു തീരുന്നതും നോക്കിയങ്ങനെയിരുന്നു.

തുടരും…

( ലേഖകന്‍റെ ഇ-മെയില്‍ വിലാസം akvarun@gmail.com )

2 Responses to “അമ്മിണിക്കുട്ടിയുടെ ഓണം”

  1. ഉമര്‍ മുക്താര്‍

    എ­ഴുത്തും ചി­ത്ര­ങ്ങളും ന­ന്നായി. പുതി­യ ത­ല­മു­റ­യു­ടെ തി­ര­ക്കും പ­ഴ­യ നാ­ട്ടു വൈ­ദ്യ­ത്തി­ന്റെ ഗു­ണവും സ­ര­സ­മാ­യി പ­റ­യുന്നു. നല്ല ഭാ­ക്ഷ…. കു­ട്ടി­കള്‍­ക്ക് വാ­യി­ക്കാന്‍, മ­ന­സ്സി­ലാ­ക്കാന്‍ ക­ഴി­യുന്ന ഭാ­ക്ഷ. സ­ന്തോ­ഷം അ­ടു­ത്ത ഭാ­ഗ­ത്തി­നാ­യി കാ­ത്തി­രി­ക്കുന്നു.

  2. Jai

    മറവിയുടെ മൂടല്മഞ്ഞു നിറഞ്ഞ മനസ്സിന്റെ താഴ്വാരങ്ങളിലെങ്ങോ ഉറങ്ങിയുണരുന്ന ഓര്മകളെ വിളിച്ചുണര്ത്തിയതിന് നന്ദിയുണ്ട് മാഷെ കൊള്ളാം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.