Categories

അഫ്രിദിയുടെ ബോളിങ് മികവില്‍ ലങ്കക്ക് മേല്‍ പാക് ജയം

കൊളംബോ: അഫ്രീദിയുടെ ഉജ്ജ്വല ബോളിങ്ങില്‍ ലങ്കക്കെതിരെ പാകിസ്ഥാന് ജയം. ഇന്നലെ ശ്രീലങ്കയെ 11 റണ്‍സിനാണ് അഫ്രീദിയും സംഘവും ലങ്കന്‍ മണ്ണില്‍വച്ച് കീഴടക്കിയത്.

ടോസ് നല്‍കിയ പാകിസ്ഥാന്‍ നല്‍കിയ 278 റണ്ണിന്റെ വിജയലക്ഷ്യത്തിനെതിരെ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുക്കാനേ ശ്രീലങ്കക്ക് കഴിഞ്ഞുള്ളൂ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ നിശശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 277 റണ്‍സ് അടിച്ചത്.

ആദ്യമത്സരത്തിലേതുപോലെ മദ്ധ്യനിരയില്‍ മിസ്ബ ഉല്‍ ഹഖും (83 നോട്ടൗട്ട്) യൂനിസ്ഖാനും (72) നടത്തിയ പോരാട്ടമാണ് പാകിസ്ഥാനെ മോശമല്ലാത്ത സ്‌കോറില്‍ എത്തിച്ചത്. ഓപ്പണര്‍ ഷെഹ്‌സാദ് (13), വീണ്ടും പരാജയമായപ്പോള്‍ മുഹമ്മദ് ഹഫീസ് (32), കമ്രാന്‍ അക്മല്‍ (39) എന്നിവര്‍ രണ്ടാം വിക്കറ്റില്‍ 48 റണ്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും പുറത്തായശേഷം നാലാം വിക്കറ്റില്‍ ഒരുമിച്ച യൂനിസും മിസ്ബയും ചേര്‍ന്ന് 108 റണ്‍ കൂട്ടിച്ചേര്‍ത്തു. കമ്രാനെയും യൂനിസിനെയും സ്പിന്നര്‍ ഹെറാത്താണ് പുറത്താക്കിയത്. തുടര്‍ന്ന് മിസ്ബ ഒരറ്റത്ത് നിറഞ്ഞുനിന്ന് വീശിയപ്പോള്‍ ഉമര്‍ അക്മല്‍ (10), ഷാഹിദ് അഫ്രീദി (16), റസാഖ് (3) എന്നിവര്‍ പുറത്തായി. 91 പന്ത് നേരിട്ട മിസ്ബ ആറു ബൗണ്ടറി പായിച്ചു. ഹെറാത്തും പെരേരയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിക്കിറങ്ങിയ ലങ്കയ്ക്കായി ഉപുല്‍ തരംഗയും (33) ദില്‍ഷനും (41) ഒന്നാം വിക്കറ്റില്‍ 76 റണ്‍ കൂട്ടിച്ചേര്‍ത്ത് നല്ല തുടക്കം നല്‍കിയെങ്കിലും പിന്നീട് പിഴച്ചു. തരംഗയെ ഹഫീസും ദില്‍ഷനെ അഫ്രീദിയും പുറത്താക്കി. ഷൊയ്ബ് അക്തറുടെ പന്തില്‍ മഹേല ജയവര്‍ദ്ധനെ (2) ബൗള്‍ഡായതിന് പിറകെ സമരവീരയെയും(1) പുറത്താക്കി അഫ്രീദി ലങ്കയെ 21.2 ഓവറില്‍ 96/4 എന്ന നിലയിലാക്കി.

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച സംഗക്കാരയും (49) ചമരസില്‍വയും (57) ചേര്‍ന്ന് ലങ്കന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടുനയിച്ചു. 38-ാം ഓവറില്‍ ടീം സ്‌കോര്‍ 169-ല്‍നില്‍ക്കേ അര്‍ദ്ധ സെഞ്ച്വറി തികയ്ക്കാന്‍ കഴിയാതെ സംഗക്കാര പുറത്തായി. അഫ്രീദിക്കായിരുന്നു വിക്കറ്റ്.ഏഞ്ചലോ മാത്യൂസി (18) നെ പുറത്താക്കിയാണ് അഫ്രീദി നാലു വിക്കറ്റ് തികച്ചത്. എട്ട് റണ്‍സ് അടിച്ച പെരേരയെ ഷൊയ്ബ് അക്തര്‍ ബൗള്‍ഡാക്കി. ചമരസില്‍വ അര്‍ദ്ധസെഞ്ച്വറി കടന്നയുടന്‍ അബ്ദുല്‍ റഹ്മാനെ ഇറങ്ങിയടിക്കാന്‍ ശ്രമിക്കവെ കമ്രാന്‍ സ്റ്റമ്പ് ചെയ്തത് കളിയിലെ വഴിത്തിരിവായി. അവസാന ഓവറില്‍ കുലശേഖരയെ (24) ഉമര്‍ഗുല്‍ പുറത്താക്കിയതോടെ ലങ്ക പരാജയം ഉറപ്പിച്ചു. അഫ്രീദിയാണ് മാന്‍ ഓഫ് ദ മാച്ച്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.