ബാംഗ്ലൂര്‍: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ലോകായുക്ത രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ കര്‍ണ്ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.  ലോകയുക്ത കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ നടപടികളും റദ്ദാക്കാന്‍ അപ്പീലില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിന്‍മേലുള്ള വാദം കോടതി അടുത്താഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

1999-2004 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന എസ്.എം കൃഷ്ണയടക്കം കര്‍ണാടകത്തിലെ മൂന്ന് മുന്‍മുഖ്യമന്ത്രിമാര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് ലോകായുക്ത പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്‍. ധരംസിങ്, എച്ച്.ഡി. കുമാരസ്വാമി എന്നിവരാണ് കേസില്‍പ്പെട്ട മറ്റുള്ളവര്‍.

മുഖ്യമന്ത്രിയായിരിക്കെ കൃഷ്ണയും ധരംസിങ്ങും കുമാരസ്വാമിയും അനധികൃത ഖനനത്തിന് അനുമതി നല്‍കിയെന്നാരോപിച്ച് ബാംഗ്ലൂരിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ടി.ജെ. എബ്രഹാം ലോകായുക്ത കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ചട്ടം ലംഘിച്ച് വിവിധ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കിയതുവഴി സര്‍ക്കാറിന് ആയിരത്തോളം കോടിയുടെ നഷ്ടമുണ്ടായെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

വനസംരക്ഷണ നിയമം, അഴിമതി തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സര്‍വീസിലുള്ളവരും വിരമിച്ചവരുമായ പതിനൊന്ന് ഉദ്യോഗസ്ഥരെയും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകായുക്ത എ.ഡി.ജി.പി. സത്യനാരായണ റാവുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Malayalam news, Kerala news in English