Categories

അദ്വാനി തുടരും, രാജ്‌നാഥ് ഒഴിയും: ബി.ജെ.പി

adwani-rajnath-singന്യൂഡല്‍ഹി: ബി.ജെ.പിയിലെ നേതൃമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ ഡിസംബറില്‍ ബി.ജെ.പി ദേശീയ അധ്യക്ഷസ്ഥാനത്തു നിന്ന് ഒഴിയുന്ന രാജ്‌നാഥ് സിങിന് രണ്ടാമൂഴമുണ്ടാവില്ലെന്ന് ബി.ജെ.പി വക്താവ് പ്രകാശ് ജാവേദ്കര്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് സ്ഥാനത്ത് എല്‍ കെ അദ്വാനി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അധ്യക്ഷപദവിയില്‍ ഒരാള്‍ ഒരു പ്രാവശ്യം എന്നതാണ് പാര്‍ട്ടി കീഴ്‌വഴക്കം. പ്രതിപക്ഷ നേതൃനിരയില്‍ മാറ്റമുണ്ടാവില്ല- ജാവേദ്കര്‍ പറഞ്ഞു. അദഡ്വാനി പ്രതിപക്ഷനേതാവ് സ്ഥാനം ഒഴിയില്ലെന്ന് മുതിര്‍ന്ന നേതാവ് വെങ്കയ്യനായിഡുവും അറിയിച്ചു. ബി.ജെ.പിയുടെ ആഭ്യന്തരകാര്യങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇടപെടേണ്ടതില്ലെന്നു ജാവേദ്കര്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് രാജ്‌നാഥ് സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതി. ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ രാജ്യപുരോഗതിയെ ബാധിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതേസമയം, പ്രശ്‌നപരിഹാര ശ്രമങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതും എല്‍ കെ അഡ്വാനിയും തമ്മില്‍ ഇന്നലെ വീണ്ടും ചര്‍ച്ച നടത്തി. അഡ്വാനിയുടെ വീട്ടില്‍ പ്രാതലിനെത്തിയായിരുന്നു ചര്‍ച്ച.
മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് മദന്‍ദാസ് ദേവിക്കൊപ്പമാണ് ഭഗവത് അദ്വാനിയുടെ വീട്ടിലെത്തിയത്.
ബി.ജെ.പിയെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ഉറപ്പുനല്‍കിയതായി മദന്‍ദാസ് ദേവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, നേതൃമാറ്റം സംബന്ധിച്ച് ആര്‍.എസ്.എസ് നിര്‍ദേശം വച്ചുവെന്ന വാര്‍ത്ത നേതാവ് നിഷേധിച്ചു.

അതേസമയം അടുത്ത ഡിസംബറോടെ അദ്വാനിയെ ലോക്‌സഭാ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ധാരണയായതായി ബി.ജെ.പി യുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തിന് മുന്നോടിയായി സ്ഥാന കൈമാറ്റമുണ്ടാകും. സുഷമാ സ്വരാജായിരിക്കും അദ്വാനിക്ക് പകരമെത്തുക. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് അരുണ്‍ ജെയ്റ്റ്‌ലി തുടരും. പാര്‍ട്ടിയിലെ മറ്റ് മുന്‍നിര നേതൃത്വത്തിനെയും മാറ്റുന്നതിന് ആര്‍.എസ്.എസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം ഇതും പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.