തിരുവനന്തപുരം: അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി കയ്യേറിയ ആദിവാസികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദ്ദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയിലെ കൈയ്യേറ്റ ഭൂമിയും അവിടെ സുസ്‌ലോണ്‍ കമ്പനി സ്ഥാപിച്ചിരുന്ന രണ്ട് കാറ്റാടി യന്ത്രങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും. ഉടമസ്ഥരായ ആദിവാസികള്‍ക്ക് ഭൂമി തിരിച്ചു നല്‍കും. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് 85.21 ഏക്കര്‍ ഭൂമി നഷ്ടമായിട്ടുണ്ട്.

ആദിവാസികള്‍ക്ക് പട്ടയം നല്‍കും. ആദിവാസികളുടെ ഭൂമി കയ്യേറാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം മാരിടൈം സര്‍വ്വകലാശാലയ്ക്ക് 60 ഏക്കര്‍ സ്ഥലം നല്‍കാന്‍ തീരുമാനമായി.