കോഴിക്കോട്: 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശിയെ എന്‍.ഐ.എ അന്വേഷിക്കുന്നു. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ കൊയിലാണ്ടി സ്വദേശിയായ സുരേഷ്‌നായര്‍ എന്ന സുരേഷ്‌കുമാറിനെ (33)യാണ് അന്വേഷിക്കുന്നത്.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെ കേരളത്തിലുള്ള ഉദ്യോഗസ്ഥരും സംസ്ഥാന ആഭ്യന്തര സുരക്ഷാ സ്‌ക്വാഡും (ഐ.എസ്.ടി.) സുരേഷ്‌നായരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി രാജസ്ഥാനില്‍നിന്നുള്ള അന്വേഷണ സംഘം അടുത്ത ദിവസം കേരളത്തിലെത്തും.

ജറാത്തിലെ പാരലല്‍ കോളേജ് അധ്യാപകനായ സുരേഷ്‌നായര്‍ അവിടെ ആര്‍.എസ്.എസ്സിന്റെ സജീവ പ്രവര്‍ത്തകനാണ്. അച്ഛന്‍ ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനാണ്. മാതാപിതാക്കള്‍ക്കൊപ്പം വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന സുരേഷ് സേ്ഫാടനത്തിനുശേഷം നാട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആര്‍.എസ്.എസ്. നേതാക്കളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അജ്മീറില്‍ സേ്ഫാടനത്തിനായി ബോംബ് കൊണ്ട് വന്ന കേസിലാണ് സുരേഷ്‌നായര്‍ ഉള്‍പ്പെടെ നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ പോലീസ് സംശയിക്കുന്നത്. ദാവേഷ്, മെഹുല്‍, സണ്ണി എന്നിവരാണ് സുരേഷ്‌നായര്‍ക്കു പുറമെ കാറിലുണ്ടായിരുന്നത്. ബാലുശ്ശേരി മഞ്ഞപ്പാലം പ്രദേശത്തെ സുരേഷ്‌നായരുടെ ബന്ധുവീടുകളിലും വിവരശേഖരണത്തിന്റെ ഭാഗമായി പോലീസ് എത്തിയിട്ടുണ്ട്.

2007ല്‍ നടന്ന സേ്ഫാടനത്തിന്റെ കുറ്റപത്രം ഇതിനകം അന്വേഷണസംഘം അവിടത്തെ കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനായി ബോംബ് കൊണ്ട് വന്ന കാര്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതില്‍ നിന്ന് സഭിച്ച തെളിവുകളാണ് സുരേഷ് നായരിലേക്ക് അന്വേഷണം എത്തിച്ചത്.