തിരുവനന്തപുരം: തിലകന്‍ വിഷയത്തില്‍ അമ്മയുടെ അച്ചടക്ക സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. കമ്മിറ്റിക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ കത്ത്് നല്‍കാനാണ് തിലകന്റെ തീരുമാനം. ഷൂട്ടിങിന്റെ തിരക്കുമായി ബന്ധപ്പെട്ട് ഞാന്‍ ഇപ്പോള്‍ ആലപ്പുഴയിലാണെന്നും അതിനാല്‍ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ കഴിയില്ലെന്നും തിലകന്‍ കത്തില്‍ പറയുന്നു. എന്നെ സിനിമയില്‍ നിന്ന് പുറത്താന്‍ ഒരു സംഘടന ശ്രമിക്കുന്നുണ്ട്. അതിനാല്‍ ഇപ്പോഴത്തെ സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. മറ്റൊരു തീയതില്‍ നേരിട്ട് ഹാജരാകാമെന്നും തിലകന്‍ വ്യക്തമാക്കുന്നു.

അമ്മ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു, നടന്‍മാരായ ജനാര്‍ദ്ദനന്‍, കുഞ്ചന്‍ തുടങ്ങിയവരാണ് അച്ചടക്ക സമിതിയിലെ അംഗങ്ങള്‍. എന്നാല്‍ തിലകനില്‍ നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഉച്ചക്ക് രണ്ടര വരെ തിലകന്‍ ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അമ്മ വ്യക്തമാക്കി.